തൊടുപുഴ: സ്കൂട്ടറില്‍ കാറിടിച്ച് കോളജ് അധ്യാപകൻ മരിച്ചു. വാത്തിക്കുടി തേക്കുംതണ്ട് കൂനമ്മാക്കല്‍ ഡോ. ബിജോയ് തോമസ് (52) ആണ് മരിച്ചത്.
തൊടുപുഴ ന്യൂമാന്‍ കോളജ് കെമിസ്ട്രി വിഭാഗം അസി. പ്രഫസറായിരുന്നു. ഒപ്പമുണ്ടായിരുന്ന മകന് ജോര്‍ജ് തോമസിനെ (11) ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 7.30ഓടെ വണ്ണപ്പുറം-ചേലച്ചുവട് റോഡിൽ വെണ്മണി ഷാപ്പുംപടി ഭാഗത്തായിരുന്നു അപകടം. കരിങ്കുന്നത്തു താമസിക്കുന്ന ജോര്‍ജ് തോമസ് പിതൃസഹോദരനെ കാണാന്‍ ഞായറാഴ്ച തറവാട്ട് വീട്ടില്‍ പോയി ഇന്നലെ രാവിലെ മടങ്ങുംവഴിയാണ് അപകടത്തില്‍പ്പെട്ടത്.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ എതിരേവന്ന കാറിടിക്കുകയായിരുന്നു. ആദ്യം വണ്ണപ്പുറത്തെയും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പഴയരിക്കണ്ടം സ്വദേശിയുടേതാണ് കാര്‍.
തൊടുപുഴ കരിങ്കുന്നത്തിനു സമീപം കുടുംബമായി താമസിച്ചുവരികയായിരുന്നു ബിജോയ്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
മൃതദേഹം ഇന്നു രാവിലെ 9.15 മുതല്‍ 10.15 വരെ ന്യൂമാന്‍ കോളജില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം ഇന്ന് രണ്ടിന് നെടിയകാട് ലിറ്റില്‍ ഫ്ളവർ പള്ളിയില്‍.
ഭാര്യ: ജിനോ ജോര്‍ജ് (അധ്യാപിക, വിഎച്ച്എസ്എസ്, പാലാ). മക്കള്‍: അര്‍ണ നെസ തോമസ്, ജോര്‍ജ് തോമസ് (വിമല പബ്ലിക് സ്കൂള്‍, തൊടുപുഴ)